Month: December 2017

ഉണ്ട!

കാലഘട്ടം: 2007-08

Starring-
1. Abhijith(ഞാൻ): Security deposit ആയി ഒരു ലക്ഷം കൊടുത്ത്, 3 വർഷത്തെ ബോണ്ടിന്, ഒരു IT കമ്പനിയിൽ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി കിട്ടിയ ഹതഭാഗ്യൻ.

2. (അവൻ): പേര് വെളിപ്പുടുത്താൻ ആഗ്രഹമില്ലാത്ത, ഒരു wholesale ശർക്കര കച്ചവടക്കാരൻ.

************

കുട്ടിക്കാനം മലനിരകളുടെ അരിക്കുന്ന തണുപ്പിൽ,ആളൊഴിഞ്ഞ തേജസ്സ് ലോഡ്ജിന്റെ ഇരുണ്ട മുറികളിൽ ഒന്നിൽ ഇരുന്ന്, പ്ലാസ്റ്റിക് ഗ്ലാസിൽ ഒഴിച്ച, ഒരു പെഗ് റം മെല്ലെ നുകർന്ന് കൊണ്ടവൻ തുടർന്നു;

“അളിയാ, ജീവിതം എന്താണെന്ന് അറിയുവോ?”

ഞാൻ: “എന്റെ ഒരഭിപ്രായത്തിൽ…… ”

അവൻ : “ശ്ശ്ശ്ശ്ശ്… മിണ്ടരുത് നീ..!!ലോകത്തൊരുത്തനും, ഒരു തത്വം പറയാൻ പോകുന്ന ആളുടെ ‘നിനക്കറിയാമോ?’ എന്ന ചോദ്യത്തിന്, ഉത്തരം കൊടുത്തിട്ടില്ല…. വെറുതെ മൂളിക്കൊടുത്തിട്ടേയുള്ളു…. ഉത്തരം കൊടുത്തിരുന്നെങ്കിൽ, ഇന്ന് നമ്മളെയൊക്കെ കെട്ടിയിടുന്ന പല തത്വങ്ങളും ഉണ്ടാവില്ലായിരുന്നു….
അത് കൊണ്ട് നിന്റെ അഭിപ്രായം നീ പണയണ്ട!!!
ഞാൻ തത്വിച്ചോട്ടെ പ്ളീസ്….
എടാ ഈ ജീവിതം എന്ന് പറയുന്നത്… വലിയൊരു കരിമ്പിൻതോട്ടമാണ്… പരുവമാവുമ്പോ കൃത്യമായി വെട്ടിയെടുത്ത്, പാവ് കലക്കി തിളപ്പിച്ചു ഇളക്കി ഇളക്കി വഴറ്റി ഉണക്കി ഉരുട്ടിയെടുക്കുന്ന ഉണ്ടശർക്കരയാണ് ഞാനും നീയും ഇക്കാണുന്ന ബാക്കി മനുഷ്യപ്പീറകളുമോക്കെ….!!

ഇളക്കണം…നന്നായി ഇളക്കണം… സകലശക്തിയുമെടുത്ത് ഇളക്കി വഴറ്റി വറ്റിച്ചെടുക്കണം…. ഹാർഡ് വർക്ക്!!! Sincerety… ആൽമാർതഥാ… പിന്നെ ആ ഉണ്ടശർക്കരയെ മാർക്കറ്റിൽ കൊണ്ട് വന്ന് വിൽക്കണം…
Market yourself!!! കഷ്ടപ്പെടണം….

എന്നാലേ ഉണ്ടശർക്കര വിറ്റ് പോവുള്ളു അളിയാ…

ശർക്കര….ഉണ്ടശർക്കര…..”

****

പിറ്റേന്ന് രാവിലെ, ഒരു എട്ടെട്ടര ആയപ്പോ ഞാൻ എണീറ്റു. പുതപ്പിനുള്ളിൽ റ പോലെ കിടക്കുന്ന അവനോട് ചോദിച്ചു, “ഡാ, പോവണ്ടേ?”

“മ്മ്മ്… പോണം… ഇന്നേതാ?”

ഞാൻ: അറിയില്ല

അവൻ: ഏത് സെമസ്റ്റർ ആണ്?

ഞാൻ: 5th സെമ്മിന്റെ പരീക്ഷ ഡിക്ലയർ ചെയ്തു എന്നറിഞ്ഞു, ഇന്നുച്ച കഴിഞ്ഞ് 2nd സെമ്മിന്റെ പരീക്ഷ ഉണ്ടെന്ന് തോന്നുന്നു… 3rd സെമ്മിന്റെ റിസൾട്ട് ഇന്നലെ അന്നൗൻസ് ചെയ്തൂന്നും കേട്ടു. അങ്ങനെ കണക്ക് കൂട്ടി നോക്കുമ്പോ, നമ്മൾ കഴിഞ്ഞ മാസം യൂണിവേഴ്സിറ്റിയിൽ പോയി ഫീസ് അടച്ചത്, 4th സെമ്മിന്റെയാവാൻ ആണ് ചാൻസ്.

അവൻ പുതപ്പ് മാറ്റി എന്നെ നോക്കിക്കൊണ്ട്(മണിച്ചിത്രത്താഴിലെ നകുലൻ സണ്ണിയോട്, ‘ഗംഗ എവിടെ’ എന്ന് ചോദിച്ച പോലെ) :

ഇന്ന് ഏതാടാ???

ഞാൻ (സണ്ണി പറഞ്ഞ പോലെ): ബാ…നോക്കാം!!!!

അങ്ങനെ അജ്ഞാതമായ ഒരു സെമസ്റ്ററിന്റെ, അജ്ഞാതമായ ഒരു സബ്ജെക്ടിന്റെ സപ്പ്ളി, എത്രാമത്തെയോ വട്ടം എഴുതുന്നതിനായി ഞങ്ങൾ കുളിച്ച് റെഡിയായി, പരീക്ഷാ ഹാളിലേക്ക് പോയി.

******
പരീക്ഷ കഴിഞ്ഞു.

ദേവാസിലെ ചൂട് പൊറോട്ടയും നല്ല ഉള്ളി വഴറ്റി ചാറാക്കിയ മുട്ട കറിയും കഴിക്കാൻ, ധൃതിയിൽ കോളേജിന്റെ പുറത്തേക്ക് ഞങ്ങൾ നടക്കുമ്പോ,

ഞാൻ അവനോട് വെറുതെ ചോദിച്ചു, “എടാ ഇനി നീയെങ്ങാനും ഇത്തവണ pass ആവുവോ?”

അവൻ: ഉണ്ട!!!

ഞാൻ ആശ്വാസത്തോടെ മനസ്സിൽ മുഴുമിപ്പിച്ചു,

“ശർക്കര!!!”  

ഞങ്ങളുടെ ജിനോ!

അവനൊരിക്കലും സീരിയസ് ആയി ഇരിക്കുന്നത് ഇഷ്ടമല്ലായിരുന്നു… ആരെങ്കിലും മുഖം വീർപ്പിച്ചിരുന്നാൽ, പോയി ചൊറിയുക എന്നുള്ളത്, ഒരു കലയായി കൊണ്ട് നടന്നവൻ.

മറ്റുള്ളവർ പറയുന്ന കിടിലം തമാശകൾക്ക്, പുച്ഛത്തോടെ ഒരു ചിരിയും, സ്വന്തം പൊട്ട തമാശകൾക്ക്, ഏങ്ങി ഏങ്ങി പൊട്ടി ചിരിക്കുകയും ചെയ്തിരുന്നവൻ.

ഉണങ്ങിയ ശരീരവുമായി വൈകിട്ടു 5 മണിയാവുമ്പോ ദേവാസിൽ കയറി 8 പറോട്ടയും രണ്ട് മുട്ട കറിയും കഴിച്ച്, 5.30ക്ക്‌ ഹോസ്റ്റലിൽ കയറി വന്ന്, 6 മണിക്ക് സ്റ്റഡി time-ൻറെ ബെല്ലടിക്കാൻ വെറും അര മണിക്കൂർ ബാക്കി നിൽക്കെ, “എന്നെ വിശക്കുന്നേ” എന്ന് പറഞ്ഞോണ്ട് എന്റെ കയ്യേൽ പിടിച്ച് വലിച്ചെടുത്തു കൊണ്ടോടുന്നവൻ…
ആ അര മണിക്കൂറിൽ കവലയിൽ ചെന്ന്, മറീനയിൽ നിന്ന് ഒരു കപ്പ ബിരിയാണിയും അടിച്ച്, ഒരു ഗോൾഡും വലിച്ച്, തിരിച്ച് ഞങ്ങൾ ഓടി കിതച്ച്‌ റൂമിൽ എത്തുമ്പോൾ, “ഇന്ന് മെസ്സിൽ എന്നതാടാ കഴിക്കാൻ?!” എന്ന് ആകാംഷയോടെ ചോദിക്കുന്നവൻ.

മെലിഞ്ഞൊട്ടിയ നെഞ്ചും അതിൽ പറ്റി പിടിച്ചു കിടക്കുന്ന മാലയും കാണിച്ച്, chewing gumഉം ചവച്ച് അലസമായി നടന്നവൻ.

കൂട്ട്കാർക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ മടിക്കാത്തവൻ.

അച്ഛൻ അക്കൗണ്ടിലിട്ട് കൊടുക്കുന്ന പൈസ, സ്വന്തം ആവശ്യങ്ങൾക്കുപരി, മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കിക്കൊണ്ടിരുന്നവൻ.

ഡ്രൈവിങ്ങിനെക്കാൾ ഭ്രാന്ത് ബൈക്ക് ഓടിക്കാൻ ആയിരുന്നെങ്കിലും, അമ്മയോടുള്ള സ്നേഹവും, അവർക്ക് കൊടുത്ത വാക്കും പാലിച്ച്, bike-ഇൽ തൊടാത്തവൻ.

അവന്റെ ചേച്ചിമാരെ heroines ആയി കണ്ട് വാതോരാതെ സംസാരിച്ചിരുന്നവൻ.

കോളേജിൽ പിള്ളേര് മുഴുവൻ രണ്ട് gang ആയി തല്ലിപ്പിരിഞ്ഞപ്പോ ഏറ്റവും കൂടുതൽ വേദനിച്ചവൻ….പിന്നീട് ആ രണ്ട് ഗാങ്ങിലും ഒരേ പോലെ സ്വാധീനവും, അവരോട് ഒരേ പോലെ സ്നേഹവും ഉണ്ടായിരുന്നവൻ.

പകൽ മുഴുവൻ എവിടെപ്പോയാലും, എല്ലാം കഴിഞ്ഞ് ഉറങ്ങാൻ ഞങ്ങളോടൊപ്പം മാത്രം വരുന്നവൻ.

ആരെയും കൂസാത്ത, എന്തും സാധ്യമാക്കാൻ കെൽപ്പുണ്ടായിരുന്ന, ചങ്കൂറ്റം ഉണ്ടായിരുന്നവൻ.

മനുഷ്യനെ സ്നേഹിക്കുന്നവൻ.

ഇന്ന് ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ, നമ്മളെയെല്ലാം ഞെട്ടിക്കേണ്ടിയിരുന്നവൻ.

ഇന്നേക്ക് 11 വർഷം മുന്നേയുള്ള ആ മരവിപ്പിക്കുന്ന രാത്രി… ആദ്യമായി ഞങ്ങളുടെ മുറിയിൽ ഉറങ്ങാൻ വരാതെ, ഒരു കള്ളചിരിയും ചിരിച്ച് നടന്നു പോയിട്ട് പിന്നീടൊരിക്കലും മടങ്ങി വരാത്തവൻ…

ഞങ്ങളുടെ ജിനോ!

ജിനോ വിശ്വനാഥ്.

We still miss you bro!

Be young in our hearts!! Love you!