ഉണ്ട!

കാലഘട്ടം: 2007-08

Starring-
1. Abhijith(ഞാൻ): Security deposit ആയി ഒരു ലക്ഷം കൊടുത്ത്, 3 വർഷത്തെ ബോണ്ടിന്, ഒരു IT കമ്പനിയിൽ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി കിട്ടിയ ഹതഭാഗ്യൻ.

2. (അവൻ): പേര് വെളിപ്പുടുത്താൻ ആഗ്രഹമില്ലാത്ത, ഒരു wholesale ശർക്കര കച്ചവടക്കാരൻ.

************

കുട്ടിക്കാനം മലനിരകളുടെ അരിക്കുന്ന തണുപ്പിൽ,ആളൊഴിഞ്ഞ തേജസ്സ് ലോഡ്ജിന്റെ ഇരുണ്ട മുറികളിൽ ഒന്നിൽ ഇരുന്ന്, പ്ലാസ്റ്റിക് ഗ്ലാസിൽ ഒഴിച്ച, ഒരു പെഗ് റം മെല്ലെ നുകർന്ന് കൊണ്ടവൻ തുടർന്നു;

“അളിയാ, ജീവിതം എന്താണെന്ന് അറിയുവോ?”

ഞാൻ: “എന്റെ ഒരഭിപ്രായത്തിൽ…… ”

അവൻ : “ശ്ശ്ശ്ശ്ശ്… മിണ്ടരുത് നീ..!!ലോകത്തൊരുത്തനും, ഒരു തത്വം പറയാൻ പോകുന്ന ആളുടെ ‘നിനക്കറിയാമോ?’ എന്ന ചോദ്യത്തിന്, ഉത്തരം കൊടുത്തിട്ടില്ല…. വെറുതെ മൂളിക്കൊടുത്തിട്ടേയുള്ളു…. ഉത്തരം കൊടുത്തിരുന്നെങ്കിൽ, ഇന്ന് നമ്മളെയൊക്കെ കെട്ടിയിടുന്ന പല തത്വങ്ങളും ഉണ്ടാവില്ലായിരുന്നു….
അത് കൊണ്ട് നിന്റെ അഭിപ്രായം നീ പണയണ്ട!!!
ഞാൻ തത്വിച്ചോട്ടെ പ്ളീസ്….
എടാ ഈ ജീവിതം എന്ന് പറയുന്നത്… വലിയൊരു കരിമ്പിൻതോട്ടമാണ്… പരുവമാവുമ്പോ കൃത്യമായി വെട്ടിയെടുത്ത്, പാവ് കലക്കി തിളപ്പിച്ചു ഇളക്കി ഇളക്കി വഴറ്റി ഉണക്കി ഉരുട്ടിയെടുക്കുന്ന ഉണ്ടശർക്കരയാണ് ഞാനും നീയും ഇക്കാണുന്ന ബാക്കി മനുഷ്യപ്പീറകളുമോക്കെ….!!

ഇളക്കണം…നന്നായി ഇളക്കണം… സകലശക്തിയുമെടുത്ത് ഇളക്കി വഴറ്റി വറ്റിച്ചെടുക്കണം…. ഹാർഡ് വർക്ക്!!! Sincerety… ആൽമാർതഥാ… പിന്നെ ആ ഉണ്ടശർക്കരയെ മാർക്കറ്റിൽ കൊണ്ട് വന്ന് വിൽക്കണം…
Market yourself!!! കഷ്ടപ്പെടണം….

എന്നാലേ ഉണ്ടശർക്കര വിറ്റ് പോവുള്ളു അളിയാ…

ശർക്കര….ഉണ്ടശർക്കര…..”

****

പിറ്റേന്ന് രാവിലെ, ഒരു എട്ടെട്ടര ആയപ്പോ ഞാൻ എണീറ്റു. പുതപ്പിനുള്ളിൽ റ പോലെ കിടക്കുന്ന അവനോട് ചോദിച്ചു, “ഡാ, പോവണ്ടേ?”

“മ്മ്മ്… പോണം… ഇന്നേതാ?”

ഞാൻ: അറിയില്ല

അവൻ: ഏത് സെമസ്റ്റർ ആണ്?

ഞാൻ: 5th സെമ്മിന്റെ പരീക്ഷ ഡിക്ലയർ ചെയ്തു എന്നറിഞ്ഞു, ഇന്നുച്ച കഴിഞ്ഞ് 2nd സെമ്മിന്റെ പരീക്ഷ ഉണ്ടെന്ന് തോന്നുന്നു… 3rd സെമ്മിന്റെ റിസൾട്ട് ഇന്നലെ അന്നൗൻസ് ചെയ്തൂന്നും കേട്ടു. അങ്ങനെ കണക്ക് കൂട്ടി നോക്കുമ്പോ, നമ്മൾ കഴിഞ്ഞ മാസം യൂണിവേഴ്സിറ്റിയിൽ പോയി ഫീസ് അടച്ചത്, 4th സെമ്മിന്റെയാവാൻ ആണ് ചാൻസ്.

അവൻ പുതപ്പ് മാറ്റി എന്നെ നോക്കിക്കൊണ്ട്(മണിച്ചിത്രത്താഴിലെ നകുലൻ സണ്ണിയോട്, ‘ഗംഗ എവിടെ’ എന്ന് ചോദിച്ച പോലെ) :

ഇന്ന് ഏതാടാ???

ഞാൻ (സണ്ണി പറഞ്ഞ പോലെ): ബാ…നോക്കാം!!!!

അങ്ങനെ അജ്ഞാതമായ ഒരു സെമസ്റ്ററിന്റെ, അജ്ഞാതമായ ഒരു സബ്ജെക്ടിന്റെ സപ്പ്ളി, എത്രാമത്തെയോ വട്ടം എഴുതുന്നതിനായി ഞങ്ങൾ കുളിച്ച് റെഡിയായി, പരീക്ഷാ ഹാളിലേക്ക് പോയി.

******
പരീക്ഷ കഴിഞ്ഞു.

ദേവാസിലെ ചൂട് പൊറോട്ടയും നല്ല ഉള്ളി വഴറ്റി ചാറാക്കിയ മുട്ട കറിയും കഴിക്കാൻ, ധൃതിയിൽ കോളേജിന്റെ പുറത്തേക്ക് ഞങ്ങൾ നടക്കുമ്പോ,

ഞാൻ അവനോട് വെറുതെ ചോദിച്ചു, “എടാ ഇനി നീയെങ്ങാനും ഇത്തവണ pass ആവുവോ?”

അവൻ: ഉണ്ട!!!

ഞാൻ ആശ്വാസത്തോടെ മനസ്സിൽ മുഴുമിപ്പിച്ചു,

“ശർക്കര!!!”  

Leave a Reply

Your email address will not be published. Required fields are marked *